ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
നാരദമഹർഷിയുടെ 'വല്ക്കലം' വീണ സ്ഥലമാണ് വർക്കല എന്നാണ് ഐതിഹ്യം. ചരിത്രപരമായി ഒട്ടേറെ പ്രത്യേകതകൾ വർക്കല ബ്ലോക്ക് പഞ്ചായത്തിനുണ്ട്. സുപ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ പ്രദേശം 'ദക്ഷിണകാശി' എന്ന് അറിയപ്പെടുന്നു. ഈ ദേവാലയവും പ്രാന്തപ്രദേശവും ഹൃദ്യമായി വർണ്ണിക്കപ്പെട്ടിട്ടുണ്ട്. കുന്നും, വയലും, തോടും, കടലും സന്ധിക്കുന്ന അപൂർവ്വമായ ഈ ഭൂപ്രദേശം വിനോദ സഞ്ചാരികളുടെ പറുദീസയാണ്. 'പാപനാശം' എന്ന് അറിയപ്പെടുന്ന ഇവിടുത്തെ കടൽപ്പുറം പ്രസിദ്ധമായ ബലിതർപ്പണ കേന്ദ്രവുമാണ്. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന മഹത്വചനം ലോകത്തിന് സമ്മാനിച്ച വിശ്വഗുരു ശ്രീനാരായണഗുരുവിൻ്റെ സന്നിധാനവും സമാധിയും കൊണ്ട് പുണ്യഭൂമിയായി മാറിയ 'ശിവഗിരി' വർക്കലയിലെ മറ്റൊരു പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ്. നടരാജ ഗുരുവിനാൽ സ്ഥാപിതമായതും ഈസ്റ്റ് വെസ്റ്റ് യുണിവേഴ്‌സിറ്റിയുടെ ആസ്ഥാനവുമായ 'നാരായണ ഗുരുകുലം' ശിവഗിരിക്ക് അടുത്ത് .സ്ഥിതിചെയ്യുന്നു. കണ്വമഹർഷിയുടെ തപോവന മായിരുന്ന കണ്വാശ്രമവും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്നു.
തുടക്കത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രദേശം പൂർണ്ണമായും വർക്കല അസംബ്ലി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട് കിടന്നിരുന്നു. എന്നാൽ 2011 ൽ അസംബ്ലി നിയോജകമണ്ഡലങ്ങളുടെ അതിർത്തികൾ പുനർ നിർണ്ണയിക്കപ്പെട്ടതോടു കൂടി ബ്ലോക്ക് പഞ്ചായത്ത് പ്രദേശം വർക്കല, ആറ്റിങ്ങൽ എന്നീ രണ്ട് അസംബ്ലി നിയോജക മണ്ഡലങ്ങളിലായി ഉൾപ്പെട്ട് കിടക്കുന്ന സ്ഥിതിയിലായി. നിലവിൽ ഇലകമൺ, ഇടവ, ചെമ്മരുതി, വെട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ വർക്കല അസംബ്ലി നിയോജക മണ്ഡലത്തിലും, മണമ്പൂർ, ഒറ്റൂർ, ചെറുന്നിയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലും ഉൾപ്പെട്ട് കിടക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രദേശം പൂർണ്ണമായും ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലും ഇലകമൺ, മണമ്പൂർ എന്നീ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഉൾപ്പെട്ട് കിടക്കുകയുമാണ്.